You are here

മതാഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മത്സരിക്കുന്നുവോ?-എം.സി. കുര‍്യന്‍

 

വാര്‍ത്തയും വിചാരവും

എം.സി. കുര‍്യന്‍

ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ ബിജെപിക്ക് ഒപ്പം സിപിഎമ്മും ഇക്കുറി രംഗത്തെത്തിയതു മാധ‍്യമങ്ങള്‍ വാര്‍ത്താപ്രാധാന‍്യം നല്‍കിയാണ് ഈ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചത്. ചില വര്‍ഷങ്ങളായി കേരളത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം ബിജെപിയുടെ പുത്രികാസംഘടനയായ ബാലഗോകുലം നടത്തിവന്നിരുന്നതു ഹൈന്ദവസമുദായങ്ങള്‍ക്കിടയില്‍പ്പോലും എതിര്‍പ്പുവിളിച്ചുവരുത്തിയിരുന്നു. മതാഘോഷങ്ങള്‍ക്കു രാഷ്ട്രീയപ്പാര്‍ട്ടികള്‍ നേതൃത്വംകൊടുക്കുന്നതിനെ വര്‍ഷങ്ങളായി വിമര്‍ശിച്ചുപോന്ന സിപിഐ (എം) ഇപ്രാവശ‍്യം കേരളത്തില്‍ അങ്ങോളമിങ്ങോളം സെപ്റ്റംബര്‍ അഞ്ചിനു ശ്രീകൃഷ്ണജയന്തി ആഘോഷിക്കാനുള്ള ക്രമീകരണങ്ങളുമായി മുന്‍പോട്ടുവന്നത് സംഘ്പരിവാര്‍ അനുഭാവികളെ മാത്രമല്ല, ജനാധിപത‍്യവിശ്വാസികളെയും ഞെട്ടിച്ചിരിക്കയാണ്.

മതനേതാക്കളുടെ ജന്മദിനങ്ങളും ആഘോഷങ്ങളുമൊക്കെ മതസംഘടനകളുടെ പരിപാടിയായി വിട്ടുകൊടുക്കാതെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവ ഏറ്റെടുത്തു നടത്തുന്നതു ജനാധിപത‍്യരാഷ്ട്രീയസംവിധാനങ്ങള്‍ക്കുതന്നെ തിരിച്ചടിയാകുമെന്നു ബിജെപിയോ സിപിഎമ്മോ മുന്‍കൂട്ടിക്കാണാത്തതു ഖേദകരമാണ്. ഇന്ത‍്യയിലെ സെക്കുലര്‍പാര്‍ട്ടികളുടെ മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്, ജനതാദള്‍, കമ‍്യൂണിസ്റ്റ്പാര്‍ട്ടികള്‍ തുടങ്ങിയവര്‍ ജനാധിപത‍്യത്തിന്റെ സംരക്ഷകരാണു തങ്ങള്‍ എന്നു കൊട്ടിഘോഷിക്കാറുണ്ട്. എന്നാല്‍, ഹിന്ദു, ഇസ്ലാം ക്രൈസ്തവമതങ്ങളുടെ ആഘോഷങ്ങളും പെരുന്നാളുകളും നടത്താന്‍ ഇതുപോലെ ഇതരരാഷ്ട്രീയപ്പാര്‍ട്ടികളും മുന്നിട്ടിറങ്ങിയാല്‍ ഇന്ത‍്യ ഒരു ചോരക്കളമായി മാറുമെന്ന് ആര്‍ക്കാണ് സംശയം?

ശ്രീകൃഷ്ണജയന്തിദിനത്തില്‍ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയില്‍ പാര്‍ട്ടിയംഗങ്ങളുടെയും അനുഭാവികളുടെയും മക്കള്‍ പങ്കെടുക്കുന്നതു തടയാനാണ് അതേദിവസം തന്നെ സിപിഎമ്മിന്റെ കുട്ടികളുടെ സംഘമായ ബാലസംഘത്തിന്റെ പേരില്‍ ഘോഷയാത്രയും പായസവിതരണവും നടത്തുന്നതെന്നാണു സിപിഎം നേതാക്കളുടെ വിശദീകരണം. ആര്‍എസ്എസും ബിജെപിയും ഹിന്ദുത്വധ്രുവീകരണത്തിനായി പരിശ്രമിക്കുന്നതിനിടയില്‍ 'വേലി തന്നെ വിളവു തിന്നുന്നതുപോലെ'യാണു കമ‍്യൂണിസ്റ്റുകാരുടെ ഹിന്ദുത്വാഘോഷങ്ങള്‍ എന്നു പറയാതെവയ്യ! അണികളുടെ ചോര്‍ച്ച തടയാന്‍ സെക്കുലര്‍ ക്രെഡന്‍ഷ‍്യല്‍ നഷ്ടമാക്കിക്കൊണ്ടുള്ള ഇടതുപക്ഷനീക്കം അവര്‍ക്കു ഭാവിയില്‍ ദോഷമായിത്തീരുമെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശോഭായാത്രകളും ചതയദിനാഘോഷങ്ങളും ഇന്ന് ഏറ്റെടുത്തതുപോലെ നാളെ ക്രിസ്മസും നബിദിനവും പെരുന്നാളുകളും ഓരോ പ്രദേശത്തുള്ള രാഷ്ട്രീയ പ്രസ്ഥാനക്കാര്‍ മത്സരിച്ചു നടത്തിയാല്‍ കേരളത്തിന്റെ ഭാവി എന്തായിത്തീരും?

ഇന്ത‍്യയുടെ മതനിരപേക്ഷതയ്ക്കു ക്ഷതമേല്പിച്ച് ഭൂരിപക്ഷവര്‍ഗീയതയും ന‍്യൂനപക്ഷപ്രീണനവുമൊക്കെയായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുതലെടുപ്പു നടത്തുന്ന ഈ നാളുകളില്‍ ദൈവജനം ഉണര്‍ന്ന് രാജ‍്യത്തിന്റെ സുസ്ഥിരതയ്ക്കായും സമാധാനത്തിനായും അധികാരസ്ഥാനങ്ങള്‍ക്കായും പ്രാര്‍ഥിക്കാന്‍ മുന്നിട്ടിറങ്ങേണ്ടതാണ്. 'രാഷ്ട്രീയക്കളി' മതിയാക്കി യഥാര്‍ഥ ക്രിസ്തുദര്‍ശനമേറ്റെടുത്ത് പ്രാര്‍ഥനയ്ക്കായി മുഴങ്കാല്‍ മടക്കാന്‍ ക്രിസ്തീയശുശ്രൂശകന്മാര്‍ രംഗത്തുവരേണ്ടസമയവും അതിക്രമിച്ചിരിക്കുന്നു.

വാല്‍ക്കഷണം: സിപിഎം സഹയാത്രികരായ ക്രൈസ്തവമാധ‍്യമപ്രവര്‍ത്തകരും ക്രൈസ്തവനേതാക്കളും മതാഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ പുതിയ ചുവടുമാറ്റത്തെ എങ്ങനെ പ്രതികരിക്കുമെന്നു നമുക്കു കാത്തിരുന്നു കാണാം. ഒപ്പം, സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം കേരള ഘടകത്തിന്റെ ഈ നൂതനരാഷ്ട്രീയ തന്ത്രത്തെ എങ്ങനെ വിലയിരുത്തുമെന്നും രാഷ്ട്രീയകേരളം വീക്ഷിക്കുന്നു.

Web Editor and Administrator : Sam Kondazhy Graphic Designer :Saji Naduvathra

©2014 GoodNews Weekly. All Rights Reserved